മെസ്സി ന്യൂഡൽഹിയിൽ എത്തി, സ്വീകരിക്കാന്‍ കോലി വരും; മോദിയുമായി കൂടിക്കാഴ്ചയില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദർശനത്തിലായതിനാൽ അദ്ദേഹവുമായുള്ള മെസ്സിയുടെ കൂടിക്കാഴ്ച റദ്ദാക്കി
ന്യൂഡൽഹി: 'ഗോട്ട് ഇന്ത്യ ടൂർ' (GOAT India Tour) പരിപാടിയുടെ ഭാഗമായി അർജൻ്റീന സൂപ്പർതാരം ലയണൽ മെസ്സി ന്യൂഡൽഹിയിൽ എത്തി. മുംബൈയിൽ നിന്ന് പുറപ്പെടേണ്ട വിമാനം വൈകിയതിനാൽ നിശ്ചയിച്ച സമയത്തിൽ നിന്ന് മണിക്കൂറുകൾ വൈകിയാണ് മെസ്സി ഡൽഹിയിൽ എത്തിയത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദർശനത്തിലായതിനാൽ അദ്ദേഹവുമായുള്ള മെസ്സിയുടെ കൂടിക്കാഴ്ച റദ്ദാക്കി.
മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിൻ്റെ അവസാന ദിവസമാണിന്ന്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി താരം കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് പ്രധാന പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സഹതാരം റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ട്. സ്റ്റേഡിയത്തിൽ ആരാധകർ എത്തിച്ചേർന്നു കഴിഞ്ഞു.
ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ പരിപാടിക്ക് ശേഷം മെസ്സി ചീഫ് ജസ്റ്റിസ്, കരസേനാ മേധാവി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് റദ്ദാക്കുകയായിരുന്നു. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (തിങ്കളാഴ്ച) വിദേശയാത്ര പുറപ്പെട്ടു.
ഡൽഹി സന്ദർശനത്തിനെത്തുന്ന മെസ്സി കായിക താരങ്ങളായ രോഹിത് ശർമ, നിഖാത് സരീൻ, സുമിത് ആന്റിൽ എന്നിവരെ കാണും. ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ആരാധകരെ കാണാനെത്തുന്ന മെസ്സിയെ ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് താരം വരുൺ ധവാനും ഉൾപ്പെടെയുള്ളവർ ചേർന്നു സ്വീകരിക്കും.
What's Your Reaction?

