ഐഎഫ്എഫ്കെ; അതിജീവനത്തിൻ്റെ തീവ്രഭാവവുമായി 'ലാപ്തീൻ'

ഐടി ജോലിയ്ക്ക് അവധി കൊടുത്ത് സിനിമയെന്ന സ്വപ്നത്തെ എത്തിപ്പിടിച്ച് സംവിധായകൻ രവി ശങ്കർ കൗശിക്

Dec 15, 2025 - 18:04
Dec 15, 2025 - 18:05
 0
ഐഎഫ്എഫ്കെ;  അതിജീവനത്തിൻ്റെ തീവ്രഭാവവുമായി 'ലാപ്തീൻ'
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 'ഇന്ത്യൻ സിനിമ നൗ' വിഭാഗത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് രവി ശങ്കർ കൗശിക് രചനയും സംവിധാനവും നിർവഹിച്ച ഹിന്ദി സിനിമ ‘ലാപ്‌തീൻ’ (ഫ്ലേംസ്). 
 
ഐ.ടി എഞ്ചിനീയർ എന്ന ജോലി ഉപേക്ഷിച്ച്, സ്ഥാപനത്തിൽ നിന്ന് അവധിയെടുത്ത് മൂന്ന് വർഷം കൊണ്ടാണ് കൗശിക് തന്റെ ആദ്യ ഫീച്ചർ ചിത്രം പൂർത്തിയാക്കിയത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇതിന് പിന്നിലെന്ന്  അദ്ദേഹം പറഞ്ഞു.
 
കുടുംബവും അതിജീവനവും പറയുന്ന ചിത്രം
 
കുടുംബത്തിൽ അവശേഷിക്കുന്നവരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന, സംസാര ശേഷിയില്ലാത്ത ഒരു കുടിയേറ്റ കർഷകത്തൊഴിലാളിയുടെ കഥ പറയുന്ന അതിജീവനസ്വഭാവമുള്ള ത്രില്ലറാണ് ഫ്ലേംസ്.
 
 രക്ഷാകർതൃത്വം, അതിജീവനം, പ്രതികാരം എന്നിവയുടെ അതിർവരമ്പുകൾ തേടുകയാണ് സിനിമയെന്ന് രവി ശങ്കർ കൗശിക് പറയുന്നു. 
 
താൻ അച്ഛനായപ്പോൾ മനസ്സിലുണ്ടായ ചിന്തകളും, ഒരു സംരക്ഷകനെന്ന നിലയിൽ തൻ്റെ പങ്ക് എത്രത്തോളമാണെന്ന തിരിച്ചറിവുമാണ് ‘ലാപ്തീനി’ൻ്റെ പിറവിക്ക് പ്രചോദനമായത്.
ഹരിയാനയുടെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, ആ പ്രദേശത്ത് ഇന്നും നിലനിൽക്കുന്ന ജാതിവിവേചനത്തെയും സാമൂഹിക വെല്ലുവിളികളെയും  അടയാളപ്പെടുത്തുകയാണ്. ഹരിയാന സ്വദേശിയായതുകൊണ്ട്, തനിക്ക് പരിചിതമായ ലോകത്ത് നിന്നുകൊണ്ട് കഥ പറയാനും അവിടുത്തെ സാമൂഹികയാഥാർത്ഥ്യങ്ങൾ  ഒപ്പിയെടുക്കാനും സാധിച്ചു.
 
 സിനിമ എന്ന 'പുഴു' 
 
സിനിമ എന്ന 'പുഴു' ഒരാളെ കടിച്ചാൽ പിന്നെ അതിന് ചികിത്സയില്ല. സിനിമയെടുക്കാതിരുന്നാലും സമാധാനമുണ്ടാകില്ല, കൗശിക് തൻ്റെ സിനിമാ അഭിനിവേശത്തെക്കുറിച്ച് പറഞ്ഞു. 
 
ജോലിയുടെ ഇടവേളകളിൽ അവധിയെടുത്താണ് കൗശിക് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. വാരാന്ത്യങ്ങളിലും രാത്രി 1 മണി മുതൽ 4 മണി വരെ നീണ്ട എഡിറ്റിംഗ് സെഷനുകളിലൂടെയുമാണ് ചിത്രം തയാറാക്കി. 
 
"ഇതൊരു സാധാരണ സിനിമയല്ല. ടീമിൻ്റെ പിന്തുണയും എൻ്റെ ഭാര്യയും നിർമ്മാതാവുമായ രാഷി അഗർവാളിന്റെ സഹായവും കൊണ്ടാണ് ഈ യാത്ര സാധ്യമായത്," കൗശിക് പറഞ്ഞു.
 
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അറിയപ്പെടുന്ന നടനായ വിക്രം കൊച്ചാർ ആണ്. ബാക്കി എല്ലാ അഭിനേതാക്കളെയും ചിത്രീകരണം നടന്ന ഹരിയാനയിലെ ജറ്റോളി, ലോഹരി എന്നീ ഗ്രാമങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. 
 
തൻ്റെ സിനിമയുടെ ആദ്യ പ്രദർശനത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതും സന്തോഷം നൽകുന്നതുമാണെന്ന് കൗശിക് പറഞ്ഞു.  ഇതിനുമുമ്പ് 'ചുരേ റാണി' എന്നൊരു ഹ്രസ്വചിത്രം കൗശിക് സംവിധാനം  ചെയ്തിട്ടുണ്ട്. നിലവിൽ 'ചായ് പട്ടി' എന്ന ചിത്രത്തിൻ്റെ പണിപ്പുരയിലാണ് രവി ശങ്കർ കൗശിക്

What's Your Reaction?

like

dislike

love

funny

angry

sad

wow