ചലച്ചിത്രോത്സവം ഹരിതചട്ടം പൂർണമായും പാലിക്കും

മേളയിൽ പങ്കെടുക്കുന്നവരും പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളും മറ്റും ഒഴിവാക്കണം

Dec 6, 2025 - 15:37
Dec 6, 2025 - 15:38
 0
ചലച്ചിത്രോത്സവം ഹരിതചട്ടം  പൂർണമായും പാലിക്കും
തിരുവനന്തപുരം: ഈ മാസം 12 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സംഘാടനം സമ്പൂർണ്ണ ഹരിതചട്ടം പാലിച്ചായിരിക്കും. ചലച്ചിത്ര അക്കാദമിയുടെയും  ശുചിത്വമിഷന്റെയും ചുമതലക്കാർ  പങ്കെടുത്തു നടത്തിയ മീറ്റിങ്ങിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
 
തിയേറ്ററുകളിലും, പരിസരങ്ങളിലും മാലിന്യം കുന്നുകൂടുന്നത് ഒഴിവാക്കാൻ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പേപ്പർ, തെർമോക്കോൾ പാത്രങ്ങളും, കപ്പുകളും പരിപൂർണ്ണമായി ഒഴിവാക്കും. മേളയിൽ പങ്കെടുക്കുന്നവരും പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളും മറ്റും ഒഴിവാക്കണം.   പതിവുപോലെതന്നെ, ഡെലിഗേറ്റുകൾക്ക് വിതരണം ചെയ്യുന്ന കിറ്റ് തുണി സഞ്ചിയിലാണ് വിതരണം ചെയ്യുന്നത്.
 
നിലവിൽ വിവിധയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന ആസൂത്രണപ്രവർത്തനങ്ങൾ, വോളണ്ടിയർമാരുടെ ട്രെയിനിങ് എന്നിവിടങ്ങളിൽ ഡിസ്‌പോസിബിൾ കപ്പുകൾക്ക് പകരം കഴുകി പുനരപയോഗിക്കാവുന്ന ഗ്ലാസുകളാണ് ഉപയോഗിച്ചുപോരുന്നതെന്ന് അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു.
 
മേള തുടങ്ങുമ്പോൾ എല്ലാ തിയറ്ററുകളിലും മാലിന്യം തരംതിരിച്ച് ഇടുന്നതിനുള്ള ബിന്നുകൾ സജ്ജീകരിക്കും. തീയറ്ററുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന സ്റ്റാളുകൾ ഹരിതചട്ടം നിർബന്ധമായി പാലിക്കണമെന്ന നിർദ്ദേശവും ഇതിനോടകം നൽകിയിട്ടുണ്ട്. നഗരസഭയുടെയും, ശുചിത്വമിഷന്റെയും സഹകരണത്തോടെ വിവിധ വേദികളിൽ മാലിന്യനീക്കം സുഗമമാക്കുന്നതിലേക്കുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
 
ഹരിതകർമ്മ സേന, ഗ്രീൻ വോളണ്ടിയർമാർ എന്നിവരുടെ സേവനവും വിവിധ വേദികളിൽ ലഭ്യമാക്കുന്നതിലേക്കുള്ള നടപടികളും സ്വീകരിക്കും. നഗരസഭയും ജില്ലാ ശുചിത്വമിഷനും ഇതുസംബന്ധിച്ച പ്രാരംഭഘട്ട പ്രവർത്തനങ്ങൾ അക്കാദമിയുമായി ചേർന്ന് ആരംഭിച്ചു കഴിഞ്ഞു.
 
മേളയുടെ ഭാഗമായുണ്ടാകുന്ന കാർബൺ എമിഷൻ കഴിയുന്നത്ര കുറയ്ക്കുന്നതു സംബന്ധിച്ച വിലയിരുത്തൽ നടത്തുന്നതിനും ഇത്തവണ സംവിധാനമുണ്ടാക്കും. പുനരുപയോഗം, പുനഃചംക്രമണം എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായി ഇത്തവണ ശുചിത്വ മിഷൻ രൂപകൽപ്പന ചെയ്യുന്ന പാഴ്വസ്തുക്കൾ കൊണ്ടുള്ള വെയ്സ്റ്റ് ടു ആർട്ട് ഇൻസ്റ്റലേഷനും മേളയുടെ മുഖ്യവേദികളിലൊന്നായ ടാഗോർ തിയറ്ററിന് മുന്നിലായി സ്ഥാപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow