30ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 12 മുതല്‍ 19 വരെ; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്

16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.

Nov 28, 2025 - 20:38
Nov 28, 2025 - 20:38
 0
30ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 12 മുതല്‍ 19 വരെ; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്  കെല്ലി ഫൈഫ് മാര്‍ഷലിന്

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2025 ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്.  

സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്

30ാമത് ഐ.എഫ്.എഫ്.കെയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.  

സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്. ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു, ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.

കറുത്ത വര്‍ഗക്കാരോടുള്ള വംശീയമുന്‍വിധികള്‍ക്കെതിരെ സിനിമയിലൂടെ പൊരുതുന്ന കെല്ലി ഫൈഫ് മാര്‍ഷലിന്റെ 'ബ്‌ളാക്ക് ബോഡീസ്'(2020) എന്ന ഹ്രസ്വചിത്രം ടൊറന്‍േറാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മേളയുടെ ആദ്യ ചേഞ്ച്‌മേക്കര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. കറുത്ത വര്‍ഗക്കാരുടെ ജീവിതാനുഭവങ്ങളില്‍ ഊന്നിയുള്ള ഹേവന്‍ (2018) എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അവര്‍ തന്റെ വരവറിയിച്ചത്. കലയിലൂടെ കറുത്ത വര്‍ഗക്കാരുടെ സമുദായത്തെ ശാക്തീകരിക്കുന്നതിനും സാമൂഹികനീതിക്കും വേണ്ടി രൂപംകൊടുത്ത 'മേക്ക് റിപ്പിള്‍സ്' എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപക കൂടിയാണ് കെല്ലി ഫൈഫ്. ടെലിവിഷന്‍ രംഗത്തും പരസ്യചിത്രനിര്‍മ്മാണരംഗത്തും തന്റെ കൈയൊപ്പ് പതിപ്പിച്ച കെല്ലിയുടെ 'ബ്‌ളാക്ക് എലിവേഷന്‍ മാപ്പ്' എന്ന പ്രചാരണചിത്രം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 2025ലെ ടൊറന്‍േറാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ കെല്ലിയുടെ 'ഡീമണ്‍സ്' എന്ന ഹ്രസ്വചിത്രം ഔദ്യോഗിക സെലക്ഷന്‍ നേടി. സ്വന്തം ജനതയുടെ അതിജീവനവും സ്‌നേഹവും കരീബിയന്‍ പ്രവാസിജീവിതവും പ്രതിഫലിപ്പിക്കുന്നവയാണ് കെല്ലിയുടെ ചിത്രങ്ങള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow