എസ്.എച്ച്.ഒ.യുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണം: വീട്ടിലെത്തി പീഡിപ്പിച്ചെന്ന് ഡി.വൈ.എസ്.പിയ്ക്കെതിരെ യുവതിയുടെ മൊഴി
2014 ഏപ്രിൽ 15-ന് വീട്ടിലെത്തിയ ഉമേഷ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്
പാലക്കാട്: ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ. ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ സി.ഐ.യും നിലവിലെ ഡി.വൈ.എസ്.പി.യുമായ ഉമേഷിനെതിരെ യുവതി മൊഴി നൽകി. ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ ഗുരുതര ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് യുവതിയുടെ ഈ മൊഴി.
2014 ഏപ്രിൽ 15-ന് വീട്ടിലെത്തിയ ഉമേഷ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. നവംബർ 15-ന് ജീവനൊടുക്കിയ ബിനു തോമസിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പിലാണ് ഉമേഷിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ സി.ഐ. ആയിരുന്ന ഉമേഷ് പീഡിപ്പിച്ചെന്നും, തന്നെയും അതിന് നിർബന്ധിച്ചെന്നും കുറിപ്പിൽ ആരോപിച്ചിരുന്നു.
കേസ് പുറത്തറിയാതിരിക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും വഴങ്ങണമെന്ന് ഉമേഷ് ഭീഷണിപ്പെടുത്തിയതായും, അമ്മയും രണ്ടുമക്കളുമുള്ള വീട്ടിൽ രാത്രി സമയത്താണ് ഉമേഷ് അതിക്രമിച്ച് കയറി പീഡിപ്പിച്ചതെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം, ഡി.വൈ.എസ്.പി. ഉമേഷ് ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പിൽ പറയുന്ന യുവതിയെ തനിക്ക് അറിയില്ലെന്നും യുവതിയുമായി യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആത്മഹത്യാക്കുറിപ്പ് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബിനു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ അന്വേഷണ നടപടികളുണ്ടായേക്കും.
What's Your Reaction?

