ആളുകേറാമലയില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
സംശയിക്കുന്നയാളെ തിരിച്ചറിയുന്നവരോ ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ അറിയുന്നവരോ പോലീസിനെ അറിയിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്
കൊല്ലം: പുനലൂർ മുക്കടവ് ആളുകേറാമലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി. സംശയിക്കുന്നയാളെ തിരിച്ചറിയുന്നവരോ ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ അറിയുന്നവരോ പോലീസിനെ അറിയിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബറിലാണ് പുനലൂർ മുക്കടവ് ആളുകേറാമലയിലെ റബ്ബർ തോട്ടത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. റബ്ബർ മരത്തിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മരിച്ചത് ഒരു മധ്യവയസ്‌കനാണെന്നും ഇടതുകാലിന് മുടന്തുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇതുവരെ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ, അന്വേഷണം വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ ഇപ്പോൾ പോലീസ് പുറത്തുവിട്ടിരിക്കുന്നത്. പെട്രോൾ പമ്പിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.
What's Your Reaction?