തിരുവനന്തപുരം: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ. നീതി ലഭിക്കാതെ വന്നാൽ എന്ത് ചങ്ങാത്തമെന്ന് അദ്ദേഹം ആരാഞ്ഞു. എങ്ങനെയാണ് സാഹോദര്യത്തിന്റെ പൂർണത പറയാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
നീതി കിട്ടിയിട്ട് മതി ചായ കുടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാത്രമല്ല അടുത്ത നടപടികളുടെ പേരിൽ ആയിരിക്കും ഇനി നിലപാടുകളെന്ന് ക്ലിമിസ് കാതോലിക്ക ബാവ വ്യക്തമാക്കി. പറയുന്നത് പ്രവർത്തിക്കാൻ കഴിയണമെന്നും പ്രവർത്തിക്കുന്നതിൽ ആത്മാർഥത പ്രകടമാക്കണമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു.
കൃത്രിമമായി ഉണ്ടാക്കിയ ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ കേസ്. രാജ്യം ഒന്നാകെ ഗൗരവത്തോടെ എടുക്കേണ്ട വിഷയമായി ഛത്തീസ്ഗഡിലേത് മാറി. ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം സന്യാസിനിമാർക്ക് ലഭിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തെ ക്രിസ്ത്യാനികളുടെത് എന്നത് എന്നനിലയിൽ അല്ല കാണേണ്ടത്. ഭാരതത്തിലെ രണ്ട് സന്യാസിനിമാർ സ്വന്തം രാജ്യത്ത് അപമാനിക്കപ്പെടുന്നു എന്ന് വേണം കാണാനെന്ന് ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. ദേശമൊന്നായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.