യുവതിയുമായി ദീര്‍ഘകാലസൗഹൃദം, ഉഭയസമ്മതത്തോടെയുള്ള ശാരീരികബന്ധം, ബലാത്സംഗവും നിർബന്ധിത ഗർഭച്ഛിദ്രവും ചെയ്തിട്ടില്ല മുൻകൂർ ജാമ്യഹർജിയുമായി രാഹുൽ
തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചുകൊണ്ടാണ് രാഹുൽ കോടതിയെ സമീപിച്ചത്
തിരുവനന്തപുരം: യുവതിയുടെ ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം എന്നീ പരാതികളിൽ പോലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചുകൊണ്ടാണ് രാഹുൽ കോടതിയെ സമീപിച്ചത്.
തനിക്കെതിരായ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് രാഹുൽ ആരോപിച്ചു. പരാതിക്കാരിയുടെയും ഭർത്താവിന്റെയും രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടി, ഈ നീക്കം ബി.ജെ.പി.-സി.പി.എം. ഗൂഢാലോചനയുടെ ഭാഗമാണെന്ന് രാഹുൽ വ്യക്തമാക്കുന്നു.
പരാതിക്കാരിയായ യുവതിയുമായി ദീർഘകാലമായി സൗഹൃദമുണ്ട്. യുവതിയാണ് സമൂഹമാധ്യമങ്ങൾ വഴി ബന്ധം സ്ഥാപിച്ചത്. ഭർത്താവ് ഗാർഹികമായി പീഡിപ്പിക്കുന്നുവെന്ന് യുവതി പറഞ്ഞതിനെത്തുടർന്ന് തോന്നിയ അനുകമ്പയാണ് പിന്നീട് ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിലേക്ക് വളർന്നത്. ചാറ്റുകളും ഫോൺ രേഖകളും ഈ പരസ്പര സമ്മതം വ്യക്തമാക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
യുവതി വിദ്യാസമ്പന്നയും ബന്ധത്തിലെ ശരിതെറ്റുകൾ അറിയാവുന്ന വ്യക്തിയുമാണ്. ബലാത്സംഗം, ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന വാദം നിലനിൽക്കില്ല. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക യുവതി സ്വമേധയാ കഴിച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഗർഭവും ഗർഭച്ഛിദ്രവും വാദത്തിനുവേണ്ടി സമ്മതിച്ചാൽ പോലും, യുവതി ഭർത്താവിനൊപ്പമാണ് കഴിഞ്ഞിരുന്നത് എന്നതിനാൽ ഗർഭിണി ആയതിൻ്റെ ഉത്തരവാദിത്തം ഭർത്താവിനാണ്. താനാണ് ഗർഭിണിയാക്കിയതെന്ന ആരോപണം തെറ്റാണ്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് രാഹുലിൻ്റെ ആവശ്യം. നാളെ (ശനിയാഴ്ച) കോടതി ഹർജി പരിഗണിക്കാനാണ് സാധ്യത.
What's Your Reaction?

