ഡൽഹി: വിജയ് ചിത്രം ജനനായകന് തിരിച്ചടി. മദ്രാസ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നടപടിക്കെതിരെ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നിർമാതാക്കളോട് ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ ആണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ചിത്രത്തിന്‍റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.
വരുന്ന ജനുവരി 21 നാണ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജനനായകൻ കേസ് പരിഗണിക്കാൻ വെച്ചിരിക്കുന്നത്. എന്നാൽ 20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീകോടതി നിര്‍ദ്ദേശം നല്‍കി. ജനനായകന്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു കെവിഎന്‍ പ്രൊഡഷന്‍സിന്റെ ആവശ്യം.
500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും ഹർജിയിൽ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. സെന്‍സര്‍ ബോര്‍ഡ്,സിനിമ പുനപരിശോധന കമ്മിറ്റിക്ക് അയച്ച ഉത്തരവ് കെവിഎന്‍ നല്‍കിയ ഹര്‍ജിയില്‍ ചോദ്യം ചെയ്യാത്തതും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് സിനിമയുടെ നിര്‍മ്മാതാവ് കെവിഎന്‍ പ്രൊഡക്ഷന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്.