ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ: ബി.ജെ.പി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്
കൗൺസിലർമാരുടെ സത്യപ്രതിജ്ഞ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് വ്യക്തമാക്കി
കൊച്ചി: തിരുവനന്തപുരം നഗരസഭയിൽ സത്യപ്രതിജ്ഞാ ചട്ടങ്ങൾ ലംഘിച്ച് വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. "ദൈവനാമത്തിൽ" എന്ന ഔദ്യോഗിക പദപ്രയോഗത്തിന് പകരം ഓരോരുത്തരും ഇഷ്ടപ്പെട്ട ദൈവങ്ങളുടെ പേര് പറയുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്ന് കോടതി ചോദിച്ചു. കൗൺസിലർമാരുടെ സത്യപ്രതിജ്ഞ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് വ്യക്തമാക്കി.
സി.പി.എം കൗൺസിലറും നഗരസഭയിലെ നിയമസഭാ കക്ഷി നേതാവുമായ എസ്.പി. ദീപക് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ചട്ടവിരുദ്ധമായ സത്യപ്രതിജ്ഞ റദ്ദാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കടകംപള്ളി വാർഡിലെ ജയ രാജീവ് അയ്യപ്പന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കരമന വാർഡിലെ കരമന അജിത് സംസ്കൃതത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. ശാസ്തമംഗലം വാർഡിലെ മുൻ ഡിജിപി ആർ. ശ്രീലേഖ സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം ആലപിച്ചിരുന്നു.
നിശ്ചിത മാതൃകയിലല്ലാതെ ദൈവങ്ങളുടെ പേരോ ബലിദാനികളുടെ പേരോ ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതം പാടിയതും വിവാദമായിരുന്നു.
What's Your Reaction?