റേഷൻ മണ്ണെണ്ണ വിതരണം ജൂൺ 21 മുതൽ ആരംഭിക്കും: മന്ത്രി ജി.ആർ. അനിൽ

വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡുകൾക്ക് (NE കാർഡ്) (ഏത് വിഭാഗമായാലും) 6 ലിറ്റർ മണ്ണെണ്ണ ലഭിക്കും

Jun 20, 2025 - 21:56
Jun 20, 2025 - 21:57
 0  10
റേഷൻ മണ്ണെണ്ണ വിതരണം ജൂൺ 21 മുതൽ ആരംഭിക്കും: മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 21 മുതൽ വിതരണം ആരംഭിക്കും. എ.എ.വൈ കാർഡുകാർക്ക് 1 ലിറ്ററും മറ്റുകാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ലിറ്ററിന് 61 രൂപയാണ് വില. വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡുകൾക്ക് (NE കാർഡ്) (ഏത് വിഭാഗമായാലും) 6 ലിറ്റർ മണ്ണെണ്ണ ലഭിക്കും. മണ്ണെണ്ണ മൊത്തവ്യാപാരികളുടെയും റേഷൻ വ്യാപാരികളുടെയും സംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ  ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന് മന്ത്രി അറിയിച്ചു.

ജൂൺ 30ന്  അവസാനിക്കുന്ന 2025-26  വർഷത്തിന്റെ ആദ്യപാദത്തിലേയ്ക്ക് 5,676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാർ കുറവ് ചെയ്തുവരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകൾ പലതും ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായി. 2023-24 ൽ ഒരു പാദത്തിലേയ്ക്ക് (3 മാസം) 1944 കിലോ ലിറ്റർ മാത്രമാണ് അനുവദിച്ചത്.

2024-25 ൽ 780 കിലോ ലിറ്റർ ആയി ചുരുക്കി. കടത്തുകൂലിയിലെയും റീട്ടെയിൽ കമ്മിഷനിലെയും നിരക്ക് കാലാനുസൃതമായി പുതുക്കാത്തതിനാൽ മൊത്തവ്യാപാരികളും റേഷൻ ഡീലർമാരും മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യാൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തെ റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഈ വർഷത്തെ ആദ്യ പാദത്തിൽ 5,676 കിലോ ലിറ്റർ അനുവദിച്ചിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow