സി.പി.എമ്മിലേക്ക് പോകുന്നുവെന്നത് വ്യാജ പ്രചാരണം; കടുത്ത നിയമനടപടിയുണ്ടാകുമെന്ന് ഷാനിമോൾ ഉസ്മാൻ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് വ്യാപകമായി പ്രചരിച്ചത്
ആലപ്പുഴ: താൻ കോൺഗ്രസ് പാർട്ടി വിടുന്നു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെയും ചില വ്യക്തികളുടെ പ്രൊഫൈലുകളിലൂടെയും പ്രചരിക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് വ്യാപകമായി പ്രചരിച്ചത്. ഷാനിമോൾ ഉസ്മാന്റെ പിതാവ് അന്തരിച്ചതിനെത്തുടർന്നുള്ള മരണാനന്തര ചടങ്ങുകൾ വീട്ടിൽ നടന്നു വരുന്നതിനിടെയാണ് ഇത്തരം വ്യാജവാർത്തകൾ സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രചാരണം നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും കോൺഗ്രസ് രാഷ്ട്രീയത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഇത്തരം തെറ്റായ വാർത്തകൾ പടച്ചുവിടുന്നവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു. മരണവീട്ടിലെ ദുഃഖത്തിനിടയിലും രാഷ്ട്രീയ നേട്ടത്തിനായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിലും വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
What's Your Reaction?

