കരിപ്പൂർ സ്റ്റേഷനിൽ സൂക്ഷിച്ച 10 പവൻ സ്വർണം കാണാതായി; അന്വേഷണം മുൻ സിഐയിലേക്ക്
കൊണ്ടോട്ടി: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ ഉടമസ്ഥരെ കണ്ടെത്തുന്നതിനായി സൂക്ഷിച്ചിരുന്ന ഏകദേശം 10 പവൻ സ്വർണം കാണാതായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടതിനെ തുടർന്ന് കൊണ്ടോട്ടി എഎസ്പി റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം മുൻ സിഐയിലേക്കാണ് നീളുന്നത്.
വിമാനത്താവള പരിസരത്തുനിന്നും മറ്റ് സ്ഥലങ്ങളിൽനിന്നും ലഭിച്ച് നാട്ടുകാർ പൊലീസിന് കൈമാറിയ സ്വർണാഭരണങ്ങളാണ് നഷ്ടമായത്. ഇത്തരത്തിൽ ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ സ്റ്റേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തി പ്രത്യേക ലോക്കറിലാണ് സൂക്ഷിക്കാറുള്ളത്.
രേഖപ്പെടുത്തിയ ശേഷം ഭദ്രമായി സൂക്ഷിച്ചിരുന്ന നാല് പവൻ മാല, ബ്രേസ്‌ലറ്റ്, ചെറിയ മാല, കമ്മൽ, മോതിരം എന്നിവയാണ് കാണാതായതായി കണ്ടെത്തിയത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ കൊണ്ടോട്ടി എഎസ്പിയോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
കരിപ്പൂരിൽ നിന്ന് അടുത്തിടെ സ്ഥലംമാറിയ മുൻ സിഐയുടെ കാലത്താണ് ഈ ആഭരണങ്ങൾ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം അദ്ദേഹത്തിലേക്കാണ് കേന്ദ്രീകരിക്കുന്നത്.
സംഭവം വിവാദമായതോടെ നഷ്ടമായ സ്വർണാഭരണങ്ങൾ തിരിച്ചേൽപിച്ച് വിഷയം ഒത്തുതീർക്കാനുള്ള ശ്രമങ്ങളും നടന്നതായി സൂചനകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
What's Your Reaction?



