സൗദി അരാംകോ ഹെലികോപ്റ്റർ തകർന്നു; 14 പേർ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർ മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരിച്ചതായി സൗദി ഊർജ്ജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.
ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് റാസ് തനൂറയിൽ അപകടമുണ്ടായത്. മരിച്ച 14 പേരും സൗദി പൗരന്മാരാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട ഔദ്യോഗിക ഏജൻസികളുമായി ചേർന്ന് വിശദമായ അന്വേഷണം ആരംഭിച്ചതായും ഊർജ്ജ മന്ത്രാലയം അറിയിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെയെന്നും മന്ത്രാലയം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
What's Your Reaction?



