ഇമ്രാൻ ഖാന്റെ ആരോഗ്യനില ഗുരുതരം; ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്
കണ്ണിനുള്ളിലുണ്ടായ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയത്
ഇസ്‌ലാമാബാദ്: ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ച് നടുക്കുന്ന വിവരങ്ങൾ പുറത്ത്. ജയിൽ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സൽമാൻ സഫ്ദർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കണ്ണിനുള്ളിലുണ്ടായ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയത്. കൃത്യസമയത്ത് ചികിത്സ നൽകാത്തതാണ് സ്ഥിതി വഷളാക്കിയത്. 2025 ഒക്ടോബർ വരെ അദ്ദേഹത്തിന് കാഴ്ച പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇമ്രാൻ ഖാൻ കടുത്ത ഏകാന്ത തടവിലാണ്. പുറംലോകവുമായോ മറ്റ് തടവുകാരുമായോ സംസാരിക്കാൻ അദ്ദേഹത്തിന് അനുമതിയില്ല. 73-കാരനായ അദ്ദേഹത്തിന് ആവശ്യമായ രക്തപരിശോധനകളോ ദന്തചികിത്സയോ ലഭ്യമാക്കിയിട്ടില്ല. സ്വന്തം ഡോക്ടർമാരെ കാണാനുള്ള അനുമതിയും അധികൃതർ നിഷേധിച്ചിരിക്കുകയാണ്.
മക്കളുമായി കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് തവണ മാത്രമാണ് ഫോണിൽ സംസാരിക്കാൻ കഴിഞ്ഞത്. ഭാര്യ ബുഷ്‍റ ബീവിയെ ആഴ്ചയിലൊരിക്കൽ 30 മിനിറ്റ് കാണാൻ മാത്രമാണ് നിലവിൽ അനുമതിയുള്ളത്. കഴിഞ്ഞ അഞ്ച് മാസമായി പ്രധാന അഭിഭാഷകരെ കാണാൻ അനുവദിക്കാത്തത് ഇമ്രാൻ ഖാന്റെ നിയമപോരാട്ടങ്ങളെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അമിക്യസ് ക്യൂറി റിപ്പോർട്ട് പുറത്തുവന്നതോടെ പാക്കിസ്ഥാനിൽ രാഷ്ട്രീയ പ്രതിഷേധങ്ങൾ ശക്തമാകാൻ സാധ്യതയുണ്ട്.
What's Your Reaction?



