അയ്യപ്പ സംഗമത്തിൽ ക്രമക്കേട്; സ്പോൺസർഷിപ്പിൽ അവ്യക്തത, ഊരാളുങ്കലിനു മാത്രം നൽകാനുള്ളത് 4.04 കോടി
തിരുവനന്തപുരം:2025 സെപ്റ്റംബര്‍ 20ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകള്‍ ഉണ്ടായതായി ചൂണ്ടിക്കാട്ടിയാണു സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കണക്കുകള്‍ സംബന്ധിച്ചു ഫെബ്രുവരി ഏഴിനു ദേവസ്വം ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷല്‍ കമ്മിഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോര്‍ഡ് പണം മുടക്കരുതെന്നു കോടതി നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ റിലീജിയസ് കണ്‍വന്‍ഷന്‍ നടത്താനുള്ള ഫണ്ടില്‍നിന്ന് അഡ്വാന്‍സായി പണം നല്‍കിയെന്നും സ്‌പോണ്‍സര്‍ഷിപ്പ് തുക കിട്ടിയപ്പോള്‍ തിരികെ നിക്ഷേപിച്ചുവെന്നുമാണ് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ പറഞ്ഞിരുന്നത്.
ദേവസ്വം ബോര്‍ഡിന്റെ 2 കോടിയുടെ പൊതുഫണ്ട് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ലെന്നാണ് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ധനപരമായ സുതാര്യത പുലര്‍ത്തിവേണം പരിപാടി നടത്താനെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടും അതു ലംഘിക്കുന്ന തരത്തിലുള്ള വീഴ്ചകളാണ് നടന്നിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
What's Your Reaction?



