വടക്കാഞ്ചേരിയിൽ മൂന്ന് സഹോദരിമാർ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം
ആരോഗ്യ വകുപ്പിൽ ജീവനക്കാരിയായിരുന്ന സരോജിനിയുടെ വരുമാനത്തിലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്
തൃശ്ശൂർ: മുള്ളൂർക്കരയിൽ ഒരു കുടുംബത്തിലെ പ്രായമായ മൂന്ന് സഹോദരിമാർ ആത്മഹത്യക്ക് ശ്രമിച്ചു. മുള്ളൂർക്കര മണ്ഡലംകുന്ന് സ്വദേശിനി സരോജിനി (75) ആണ് മരിച്ചത്. ഇവരുടെ സഹോദരിമാരായ ജാനകി (80), ദേവി (83) എന്നിവരെ അതീവ ഗുരുതരാവസ്ഥയിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പകൽ സമയം കഴിഞ്ഞിട്ടും സഹോദരിമാരെ ആരെയും വീടിന് പുറത്ത് കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് മൂവരെയും വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും സരോജിനിയുടെ ജീവൻ രക്ഷിക്കാനായില്ല.
ആരോഗ്യ വകുപ്പിൽ ജീവനക്കാരിയായിരുന്ന സരോജിനിയുടെ വരുമാനത്തിലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്. മൂവരും അവിവാഹിതരാണ്. ജാനകി മുൻപ് കൂലിപ്പണിക്ക് പോയിരുന്നുവെങ്കിലും ഇപ്പോൾ പ്രായാധിക്യത്താൽ അതിന് സാധിക്കുമായിരുന്നില്ല. ദേവി ഏറെക്കാലമായി രോഗബാധിതയായിരുന്നു.
ഏകദേശം നാല് വർഷം മുൻപ് ഇവർ തങ്ങളുടെ വീടും പറമ്പും ഉൾപ്പെടെയുള്ള മുഴുവൻ സ്വത്തുക്കളും ഗുരുവായൂർ ദേവസ്വത്തിന് എഴുതിവെച്ചിരുന്നു. സ്വത്ത് കൈമാറിയതിനെ തുടർന്ന് ദേവസ്വത്തിന്റെ കീഴിലുള്ള വൃദ്ധസദനത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എന്നാൽ, ഏതാനും മാസങ്ങൾക്ക് മുൻപ് അവിടെനിന്ന് തങ്ങളുടെ സ്വന്തം വീട്ടിലേക്ക് തന്നെ ഇവർ തിരികെ വരികയായിരുന്നു.
What's Your Reaction?

