അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്ര നേട്ടമാകാൻ കോട്ടയം മെഡിക്കൽ കോളേജ്

പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്നത്

Oct 22, 2025 - 20:34
Oct 22, 2025 - 20:35
 0
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്ര നേട്ടമാകാൻ കോട്ടയം മെഡിക്കൽ കോളേജ്

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്ര നേട്ടമാകാൻ കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയാകാനാണ് കോട്ടയം മെഡിക്കൽ കോളേജ് ഒരുങ്ങുന്നത്. സർക്കാർ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്.

പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരംപൂഴനാട് കാവിൻപുറത്ത് വീട്ടിൽ എ.ആർ. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

പൂജപ്പുര സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായ എ.ആർ. അനീഷിന്റെ ഹൃദയം ഉൾപ്പടെ ഒൻപത് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാൻക്രിയാസ്, കരൾ, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കൽ കോളേജിലേക്കും ഒരു വൃക്കയും പാൻക്രിയാസും കൈയും കൊച്ചി അമൃത ആശുപത്രിയിലേക്കും കരൾ കോട്ടയം കാരിത്താസ് ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകിയത്. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.

ഒക്ടോബർ 17ന് ശബരിമലയിൽ ദർശനം കഴിഞ്ഞ് അനീഷ് തിരിച്ചുവരുമ്പോൾ രാത്രി 8.30 മണിയോടെ പമ്പയിൽ വച്ച് തലയിടിച്ച് വീഴുകയും ഗുരുതരമായി പരിക്കേൽകുകയും ചെയ്തു. ഉടൻ തന്നെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒക്ടോബർ 22ന് അനീഷിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. അമ്മ അംബിക കുമാരി, എ.ആർ ലക്ഷ്മി, അഞ്ജു എ.ആർ. എന്നിവരാണ് സഹോദരികൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow