വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ; പുസ്തക പ്രകാശനത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യം

ഫെബ്രുവരി 4-ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കാനിരിക്കുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് തടസ്സപ്പെടുത്താൻ പാർട്ടി നീക്കം നടത്തുന്നുണ്ടെന്ന് കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു

Jan 30, 2026 - 16:24
Jan 30, 2026 - 16:24
 0
വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ; പുസ്തക പ്രകാശനത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യം

പയ്യന്നൂരിലെ ഫണ്ട് വിവാദത്തെത്തുടർന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകി. തന്റെ പുസ്തക പ്രകാശന ചടങ്ങിന് സംരക്ഷണം നൽകണമെന്നും തനിക്കും കുടുംബത്തിനും നേരെ പാർട്ടി ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

ഫെബ്രുവരി 4-ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കാനിരിക്കുന്ന ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് തടസ്സപ്പെടുത്താൻ പാർട്ടി നീക്കം നടത്തുന്നുണ്ടെന്ന് കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു. തന്നെ പുറത്താക്കിയതിന് പിന്നാലെ വീടിന് മുന്നിൽ പടക്കം എറിയുകയും ഭീഷണി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയും ചെയ്തു. തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സുഹൃത്തിന്റെ ബൈക്ക് കത്തിച്ച കാര്യവും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭരണകക്ഷിയിലെ ഉന്നത നേതാക്കൾക്കെതിരെയാണ് ആരോപണം എന്നതിനാൽ പോലീസ് നടപടിയെടുക്കാൻ മടിക്കുകയാണെന്നും ഹൈക്കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ്, ടി.ഐ. മധുസൂദനൻ എം.എൽ.എ എന്നിവരെ കേസിൽ കക്ഷിയാക്കിയിട്ടുണ്ട്. പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ള ഫണ്ടുകളിൽ വലിയ രീതിയിലുള്ള ധനാപഹരണം നടന്നുവെന്ന് കുഞ്ഞികൃഷ്ണൻ നേരത്തെ ആരോപിച്ചിരുന്നു. ഈ വിവാദത്തെത്തുടർന്ന് പാർട്ടിക്കുള്ളിൽ വലിയ ഭിന്നതകൾ ഉണ്ടാവുകയും ജനുവരി 26-ന് കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow