ഭാഗ്യം തുണച്ചില്ല; ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, പണം മാറാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
കാറിലെത്തിയ സംഘം തന്നെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ടിക്കറ്റ് തട്ടിയെടുത്തുവെന്നായിരുന്നു സാദിഖിന്റെ ആദ്യ പരാതി
കണ്ണൂർ: പേരാവൂരിൽ തോക്കുചൂണ്ടി കവർന്നുവെന്ന് പറയപ്പെടുന്ന ഒരു കോടി രൂപയുടെ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കും. ടിക്കറ്റുമായി ആരും ഇതുവരെ ലോട്ടറി വകുപ്പിനെ സമീപിക്കാത്തതോടെ, ഭാഗ്യശാലിയെ തേടിയെത്തിയ വലിയ തുക നഷ്ടമാകാൻ സാധ്യതയേറി. പേരാവൂർ സ്വദേശി സാദിഖ് അക്കരമ്മലിനാണ് ഡിസംബർ 30-ന് 'സ്ത്രീ ശക്തി' ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.
കാറിലെത്തിയ സംഘം തന്നെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ടിക്കറ്റ് തട്ടിയെടുത്തുവെന്നായിരുന്നു സാദിഖിന്റെ ആദ്യ പരാതി. എന്നാൽ, ലോട്ടറി ടിക്കറ്റ് അനധികൃതമായി മറിച്ചുവിൽക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു സംഘം അത് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
കേസിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തെങ്കിലും സാദിഖിന് ഇവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതോടെ അന്വേഷണം പ്രതിസന്ധിയിലായി. ഇതിനിടെ, ടിക്കറ്റ് തട്ടിയെടുത്തതല്ലെന്നും കൈമോശം വന്നതാണെന്നും കാണിച്ച് പരാതി പിൻവലിക്കാൻ സാദിഖ് കോടതിയെ സമീപിച്ചു. ഇത് കേസിനെ കൂടുതൽ സങ്കീർണ്ണമാക്കി.
വെള്ളിയാഴ്ച ഉച്ചവരെ ഈ ടിക്കറ്റുമായി ആരും ജില്ലാ ലോട്ടറി ഓഫീസിൽ എത്തിയിട്ടില്ല. സാധാരണയായി 30 ദിവസമാണ് ടിക്കറ്റ് സമർപ്പിക്കാനുള്ള സമയം. എന്നാൽ, തക്കതായ കാരണമുണ്ടെങ്കിൽ അത് 90 ദിവസം വരെ നീട്ടാൻ ജില്ലാ ലോട്ടറി ഓഫീസർക്ക് അധികാരമുണ്ട്. കേസ് നിലനിൽക്കുന്നതിനാൽ ഇനി ടിക്കറ്റുമായി ആരെങ്കിലും വന്നാൽപ്പോലും കോടതി ഉത്തരവില്ലാതെ സമ്മാനത്തുക നൽകില്ലെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
What's Your Reaction?

