തിരുവനന്തപുരം: പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കെപിസിസി. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിവാദം അന്വേഷിക്കും. കെപിസിസി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫാണ് ഇതു സംബന്ധിച്ച് നിർദേശം പുറത്തിറക്കിയത്. ശബ്ദ രേഖ പ്രചരിച്ചത് അടക്കം അന്വേഷിക്കും. എൽഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡി സി സി അധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു.
ഫോൺ സംഭാഷണം ചോർത്തലിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും പരിശോധിക്കും. വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഫോണ്‍ സംഭാഷണം ചോർന്നതിൽ അന്വേഷണം വേണമെന്ന് പാലോട് രവിയും ആവശ്യപ്പെട്ടിരുന്നു.