കോട്ടയം: മെെക്രോ ഫിനാന്‍സിലൂടെ പാവങ്ങളെ സഹായിച്ചതിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച പത്മഭൂഷണ്‍ എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയം എസ്എൻഡിപി യൂണിയൻ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ നല്‍കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ലഭിച്ച പത്മഭൂഷൻ സമുദായത്തിൽപ്പെട്ട എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പുരസ്‌കാരം ഗുരുപാദങ്ങളില്‍ സമര്‍പ്പിക്കുന്നു. പുരസ്‌കാരം ലഭിച്ചതില്‍ അഹങ്കാരമോ കിട്ടിയില്ലെങ്കില്‍ ദുഃഖമോ ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
പത്മഭൂഷൻ മമ്മൂട്ടിക്ക് കിട്ടാൻ അർഹനാണ്. എനിക്ക് പാർലമെൻററി മോഹമില്ല. അതു വരുമ്പോൾ ആണ് പ്രശ്നം. സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ മറ്റു കസേരകൾ വേണ്ടി ആഗ്രഹിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തന്നെ ഹീറോ ആക്കിയത് സമുദായ അംഗങ്ങളാണ്. ഈഴവരുടെ വോട്ടിന് കോട്ടയത്ത് വിലയില്ല. അതിന് വിലയുണ്ടെന്ന് കാണിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേസമയം എസ്എൻഡിപിഐ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. യൂട്യൂബിലൂടെ കാശ് കൊടുത്ത് തന്നെ ചീത്ത പറയിക്കുന്നു. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരും എസ്എൻഡിപിക്ക് ഒരു പരിഗണനയും നൽകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. എസ്എൻഡിപിയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. അറിവുള്ളവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിക്കൊണ്ടുപ്പോകുന്നു. ഇത് പറയുമ്പോള്‍ വര്‍ഗീയത പറയുന്നുവെന്നാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.