കാലിഫോർണിയയിൽ ഇന്ത്യക്കാരനായ ടെക് ജീവനക്കാരനെ അമേരിക്കൻ പോലീസ് വെടിവെച്ചുകൊന്നു
സംഭവം വംശീയ വിവേചനത്തിന്‍റെ ഫലമാണെന്ന് ആരോപിച്ച് കുടുംബം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്

ഹൈദരാബാദ്: കാലിഫോർണിയയിൽ ഇന്ത്യക്കാരനായ ടെക് ജീവനക്കാരനെ അമേരിക്കൻ പോലീസ് വെടിവെച്ചുകൊന്നു. തെലങ്കാനയിലെ മഹബൂബ്‌നഗർ സ്വദേശിയായ 30 വയസുകാരൻ മുഹമ്മദ് നിസാമുദ്ദീനാണ് കൊല്ലപ്പെട്ടത്. കൂടെ താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് ആരോപിച്ചാണ് പോലീസ് ഇയാളെ വെടിവെച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, സംഭവം വംശീയ വിവേചനത്തിന്‍റെ ഫലമാണെന്ന് ആരോപിച്ച് കുടുംബം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്തംബർ മൂന്നിനാണ് സംഭവം. കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ നിസാമുദ്ദീൻ താമസിക്കുന്ന അപ്പാർട്ട്‌മെൻ്റിൽ ഒരാൾക്ക് കുത്തേറ്റതായി പോലീസിന് വിവരം ലഭിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം നാല് തവണ നിസാമുദ്ദീന് നേരെ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുത്തേറ്റയാളെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ചികിത്സയിൽ തുടരുകയാണ്.
കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീൻ, സാന്താ ക്ലാരയിലെ ഒരു ടെക് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മരണത്തിന് തൊട്ടുമുന്‍പ് താൻ വംശീയപരമായ ഉപദ്രവങ്ങൾ നേരിടുന്നുണ്ടെന്നും ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിട്ടെന്നും നിസാമുദ്ദീൻ പരാതിപ്പെട്ടിരുന്നതായി കുടുംബം പറയുന്നു. സഹായം അഭ്യർത്ഥിച്ച് പോലീസിനെ ആദ്യം വിളിച്ചത് നിസാമുദ്ദീനാണെന്നും കുടുംബം അവകാശപ്പെട്ടു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം നടന്നുവരികയാണ്.
What's Your Reaction?






