തായ് പോ: ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടാ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 44 ആയി. ഹോങ്കോങിലെ തായ് പോ ജില്ലയിലെ ഏഴ് ബഹുനില അപ്പാർട്ട്മെന്‍റ് കെട്ടിടങ്ങളിലാണ് തീ പടർന്ന് പിടിച്ചത്. 279 പേരെ കാണാനില്ലെന്നും റിപ്പോർട്ട്. 45പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. 52നും 68നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായ മൂന്ന് പുരുഷന്മാർ. തീപിടിത്തം ഉണ്ടായ പാർപ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥർ ആണ് അറസ്റ്റിൽ ആയത്.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടുക്കുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. തായ് പോയിലെ വാങ് ഫുക് കോർട്ട് എസ്റ്റേറ്റിലെ നിരവധി അപ്പാർട്ട്മെന്‍റ് ബ്ലോക്കുകളിലെ മുളകൊണ്ടുള്ള സ്കാഫോൾഡിങിലാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് മറ്റ് കെട്ടിടങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു.
ഇന്ന് പുലർച്ചയോടെ നാലു ബ്ലോക്കുകളിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പതിനഞ്ച് മണിക്കൂറിലേറെ നടത്തിയ പ്രവർത്തനങ്ങളിലാണ് ഇതിൽ മൂന്ന് ബ്ലോക്കുകളിലെ തീ അണച്ചത്.