തൃശൂരിൽ ഗർഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: കൊലപാതകമെന്ന് കുടുംബം, ഭർത്താവ് കസ്റ്റഡിയിൽ

ആറ് മാസം മുൻപായിരുന്നു അർച്ചനയുടെയും ഷാരോണിന്റെയും വിവാഹം

Nov 27, 2025 - 10:42
Nov 27, 2025 - 10:43
 0
തൃശൂരിൽ ഗർഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: കൊലപാതകമെന്ന് കുടുംബം, ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയിൽ അർച്ചന (20) വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോണിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഷാരോൺ അർച്ചനയെ കൊന്നതാണെന്നാണ് പിതാവ് ഹരിദാസ് ആരോപിക്കുന്നത്. മരിക്കുമ്പോൾ അർച്ചന ഗർഭിണിയായിരുന്നു.

ആറ് മാസം മുൻപായിരുന്നു അർച്ചനയുടെയും ഷാരോണിന്റെയും വിവാഹം. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് അർച്ചന ഷാരോണിനൊപ്പം ഇറങ്ങിപ്പോയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ഷാരോൺ അർച്ചനയെ ഉപദ്രവിക്കാൻ തുടങ്ങി. സംശയത്തിൻ്റെ പേരിൽ ഷാരോൺ അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നു.

അർച്ചന പഠിക്കുന്നതിൽ ഷാരോണിന് താല്പര്യമില്ലായിരുന്നു. ഒരിക്കൽ കോളേജിന് മുന്നിൽ വെച്ച് പോലും മർദ്ദിച്ചു. ഈ സംഭവം കോളേജ് അധികൃതർ വീട്ടിൽ അറിയിക്കുകയും കുടുംബം കേസ് കൊടുക്കുകയും ചെയ്തിരുന്നു. എങ്കിലും അന്ന് ഷാരോണിനെ പിരിയാൻ അർച്ചന തയ്യാറായില്ലെന്ന് കുടുംബം പറയുന്നു.

അർച്ചനയ്ക്ക് മൊബൈൽ ഫോൺ പോലും ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല. കുടുംബം ഷാരോണിൻ്റെ ഫോണിലേക്ക് വിളിച്ചിരുന്നെങ്കിലും ക്രമേണ ഫോൺ എടുക്കാതായി. ആറ് മാസങ്ങൾക്ക് മുൻപാണ് അർച്ചനയോട് അവസാനമായി സംസാരിച്ചത്. ഭർതൃവീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിനുള്ളിൽ വെച്ച് തീ കൊളുത്തിയ അർച്ചന, തീ പടർന്നതോടെ വീട്ടിൽനിന്ന് ഇറങ്ങിയോടി പിറകുവശത്തെ കാനയിൽ ചാടിയതാകാം എന്നാണ് നിഗമനം. സംഭവസമയത്ത് അർച്ചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർതൃമാതാവ് പേരക്കുട്ടിയെ അങ്കണവാടിയിൽനിന്ന് വിളിക്കാൻ പോയ സമയത്തായിരുന്നു സംഭവം. നിലവിൽ ഭർത്താവ് ഷാരോൺ പോലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തും. അതിനുശേഷമാകും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow