തിരുവനന്തപുരം: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിതയെ അധിക്ഷേപിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എ പവിത്രനെതിരെ കൂടുതൽ നടപടികളിലേക്ക് കടന്നേക്കുമെന്ന് റിപ്പോർട്ട്. പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കുവാന്‍ ലാന്‍റ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റവന്യു വകുപ്പ് മന്ത്രി കെ രാജൻ ആണ് നിർദേശം നൽകിയത്.
നടപടിയുടെ ഭാഗമായി പവിത്രന് മെമ്മോ നല്‍കുമെന്നും മെമ്മോയ്ക്ക് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേയ്ക്ക് കടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വിമാന അപകടത്തില്‍ അനുശോചിച്ച് മറ്റൊരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇയാള്‍ രഞ്ജിതയെ അപമാനിക്കുന്ന വിധത്തില്‍ കമന്റുകള്‍ രേഖപ്പെടുത്തിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ റവന്യൂ മന്ത്രി കെ രാജന്‍ പവിത്രനെ സസ്പെന്‍റ് ചെയ്യുവാന്‍ ഉത്തരവിടുകയായിരുന്നു.
വെള്ളരിക്കുണ്ട് ഡെപ്യൂട്ടി സൂപ്രണ്ടായ പവിത്രന്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി തഹസില്‍ദാറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനടക്കം ശിപാര്‍ശയുണ്ടായിരുന്നു. ഇപ്പോള്‍ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കുന്നതിനുള്ള സര്‍വ്വീസ് റൂള്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുവാന്‍ ലാന്‍റ് റവന്യൂ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.