അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് യു.പിയിൽ വിദ്യാർഥി പ്രതിഷേധം; അംബേദ്കർ ചിത്രം ഉയർത്തി തെരുവിലിറങ്ങി
ലഖ്‌നൗ: സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യമുയർത്തി ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നൂറുകണക്കിന് വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ക്ലാസ് മുറികളിലെയും സ്‌കൂൾ പരിസരത്തെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട വിദ്യാർഥികൾ ഡോ. ബി.ആർ. അംബേദ്കറിന്റെ ചിത്രം ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായതോടെ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി സ്‌കൂൾ അധികൃതർ പൊലീസിന്റെ സഹായം തേടി. സ്ഥലത്തെത്തിയ പൊലീസ് വിദ്യാർഥികളോട് റോഡിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും അവർ പ്രതിഷേധം തുടർന്നതായാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണുന്നത്.
അടുത്തിടെ നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെ ഓർമിപ്പിക്കുന്ന രീതിയിലായിരുന്നു ഫത്തേപൂരിലെ ഈ സമരമെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ വിലയിരുത്തൽ. നാഗിന എംപിയും ആസാദ് സമാജ് പാർട്ടി നേതാവുമായ ചന്ദ്രശേഖർ ആസാദും ആം ആദ്മി പാർട്ടിയും പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം ദേശീയതലത്തിൽ ശ്രദ്ധ നേടുകയും ചെയ്തു.
What's Your Reaction?



