കൊച്ചി: മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കൊച്ചിയിൽ കേസ്. ഇൻസോമാനിയ എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്.
കൊച്ചി സ്വദേശിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. നാല് പ്രതികളാണ് കേസിലുള്ളത്. മെന്‍റലിസ്റ്റ് ആദിയെന്ന ആദർശ് കേസില്‍ ഒന്നാം പ്രതിയും സംവിധായകൻ ജിസ് ജോയ് നാലാം പ്രതിയുമാണ്.
രണ്ട് ഘട്ടമായി പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടില്‍ നിന്നും 35 ലക്ഷം രൂപ നല്‍കി. എന്നാൽ തുകയും ലാഭവും ചോദിച്ചപ്പോള്‍ പരിഹസിച്ചു എന്നും കൊടുത്ത പണം തിരിച്ചുനല്‍കാന്‍ തയ്യാറായില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
താൻ ഷോയുടെ സംവിധായകൻ മാത്രമെന്ന് ജിസ് ജോയ് പ്രതികരിച്ചു. 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ല. തന്‍റെ പേര് എന്തിനാണ് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ജിസ് ജോയ് പറഞ്ഞു.