അമ്മയുടെ കൈയിൽനിന്ന് കുരങ്ങനെടുത്ത 20 ദിവസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ; രക്ഷകനായി 'ഡയപ്പർ'!
ഛത്തീസ്ഗഢിലെ ജൻച്ഗിർ ചാമ്പ ജില്ലയിലെ സേവനി ഗ്രാമത്തിലാണ് സംഭവം
വീട്ടുമുറ്റത്ത് നിന്ന അമ്മയുടെ കൈയിൽ നിന്ന് കുരങ്ങൻ തട്ടിയെടുത്ത 20 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ അതിവിദഗ്ദമായി രക്ഷപ്പെടുത്തി. ഛത്തീസ്ഗഢിലെ ജൻച്ഗിർ ചാമ്പ ജില്ലയിലെ സേവനി ഗ്രാമത്തിലാണ് സംഭവം.
വീടിന് പുറത്ത് അമ്മയുടെ കൈയിലിരിക്കുകയായിരുന്ന കുഞ്ഞിനെ അപ്രതീക്ഷിതമായി എത്തിയ കുരങ്ങൻ തട്ടിയെടുത്ത് വീടിന്റെ ടെറസിലേക്ക് ഓടിക്കയറി. കുഞ്ഞുമായി നിൽക്കുന്ന കുരങ്ങനെ കണ്ട് പരിഭ്രാന്തരായ നാട്ടുകാർ കുരങ്ങനെ പേടിപ്പിക്കാനായി പടക്കം പൊട്ടിക്കുകയും ബഹളം വെക്കുകയും ചെയ്തു.
വലിയ ശബ്ദം കേട്ട് ഭയന്ന കുരങ്ങൻ കുഞ്ഞിനെ വീടിനോട് ചേർന്നുള്ള കിണറ്റിലേക്ക് ഉപേക്ഷിക്കുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ നാട്ടുകാർ ബക്കറ്റ് ഉപയോഗിച്ച് കുഞ്ഞിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തു. കുഞ്ഞ് ധരിച്ചിരുന്ന ഡയപ്പർ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിച്ചതിനാലാണ് കുട്ടി താഴ്ന്നുപോകാതിരുന്നതെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.
കിണറ്റിൽ നിന്ന് പുറത്തെടുത്ത ഉടൻ തന്നെ കുഞ്ഞിന് പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുഞ്ഞ് നിലവിൽ സുരക്ഷിതനായിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.
What's Your Reaction?

