സിനിമ തിയേറ്റർ ലൈസൻസ്: കുടിശ്ശിക നിവാരണ സർട്ടിഫിക്കറ്റ് നിർബന്ധം

റിട്ട് ഹർജികൾ ഹൈക്കോടതി തള്ളി

Aug 6, 2025 - 11:15
Aug 6, 2025 - 11:16
 0  11
സിനിമ തിയേറ്റർ ലൈസൻസ്: കുടിശ്ശിക നിവാരണ സർട്ടിഫിക്കറ്റ് നിർബന്ധം
തിരുവനന്തപുരം: സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിരവധി വർഷങ്ങളായി സെസ്സ് കുടിശ്ശിക വരുത്തിയ തിയേറ്ററുകളും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും നൽകിയ റിട്ട് ഹർജികൾ ഹൈക്കോടതി തള്ളി. ക്ഷേമനിധി ബോർഡിൽ നിന്നുള്ള നോ ഡ്യൂസ് സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോഴാണ് തിയറ്ററുകൾക്ക് ലൈസൻസ് പുതുക്കി നൽകിയിരുന്നത്. എന്നാൽ ഇതിനെതിരെ ഒരു വിഭാഗം തിയറ്ററുകളും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും കോടതിയെ സമീപിക്കുകയായിരുന്നു.
 
ചിത്രവാണി, ഖയ്യാം, ദ്വാരക, സിതാസ്, തലശ്ശേരി ലിബർട്ടി സിനിമാസ്, കണ്ണൂർ ലിബർട്ടി സിനിമാസ് (അമ്പിളി തിയേറ്റർ), കാഞ്ഞങ്ങാട് വി.ജി.എം/ വിനായക, കഴക്കൂട്ടം കൃഷ്ണ, ചെങ്ങന്നൂർ ചിപ്പി മൂവീസ്, നിലമ്പൂർ ഫെയറി ലാന്റ്, ഷൊർണ്ണൂർ മേളം അനുരാഗ് ഗീത സുമ, തൃശൂർ അഗസ്ത്യാ സിനിമാസ് തുടങ്ങിയ തിയറ്ററുകളാണ് ഹർജി നൽകിയത്. സെസ്സ് കുടിശ്ശിക അടയ്ക്കാതെ തന്നെ ലൈസൻസ് പുതുക്കി നൽകണമെന്ന താൽക്കാലിക ഉത്തരവ് നേരത്തെ തിയേറ്ററുകൾ സാമ്പാദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾ തിയറ്റർ ലൈസൻസ് പുതുക്കി നൽകി. എന്നാൽ ഹർജികൾ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ലൈസൻസുകൾ തദ്ദേശസ്ഥാപനങ്ങൾ റദ്ദാക്കണമെന്ന് കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് അറിയിച്ചു. സെസ്സ് കുടിശ്ശിക വരുത്തിയ എല്ലാ തിയറ്ററുകളുടെയും കുടിശ്ശിക അടയ്ക്കേണ്ട ഉത്തരവാദിത്തം തിയേറ്റർ ഉടമയുടെതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
 
സിനിമ തിയറ്റർ ലൈസൻസ് പുതുക്കുന്നതിന് സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിലേക്കുള്ള സെസ്സ് കുടിശ്ശിക മുഴുവനായും അടക്കണം. ലൈസൻസ് പുതുക്കുന്നതിന് ക്ഷേമനിധി ബോർഡിൽ നിന്നുള്ള നോ ഡ്യൂസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് 2024 ജനുവരി 18 നാണ് ഉത്തരവ് ഇറക്കിയത്.
 
സെസ്സ് ഈടാക്കി അത് ക്ഷേമനിധി ബോർഡിൽ സമയബന്ധിതമായി അടച്ചില്ലെങ്കിൽ അതാത് കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി/ പഞ്ചായത്ത് സെക്രട്ടറി/ പ്രസിഡന്റ്/ ചെയർപേഴ്സൺ എന്നിവരിൽ നിന്ന് പിഴ ഈടാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന് വേണ്ടി സീനിയർ കൗൺസൽ സുധി വാസുദേവ് കോടതിയിൽ ഹാജരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow