പാകിസ്താനിൽ വിവാഹച്ചടങ്ങിനിടെ ചാവേർ സ്ഫോടനം; ഏഴ് മരണം, 25 പേർക്ക് പരിക്ക്
അതിഥി എന്ന വ്യാജേന വിവാഹവീട്ടിൽ എത്തിയ ഭീകരൻ ആരുടേയും ശ്രദ്ധയിൽപ്പെടാതെ ചടങ്ങുകളിൽ പങ്കുചേർന്നു
വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വിവാഹ ആഘോഷങ്ങൾക്കിടെ നടന്ന ചാവേർ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ദേര ഇസ്മായീൽ ഖാൻ ജില്ലയിൽ സർക്കാർ അനുകൂല നേതാവായ നൂർ ആലം മെഹ്സൂദിന്റെ വസതിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
അതിഥി എന്ന വ്യാജേന വിവാഹവീട്ടിൽ എത്തിയ ഭീകരൻ ആരുടേയും ശ്രദ്ധയിൽപ്പെടാതെ ചടങ്ങുകളിൽ പങ്കുചേർന്നു. തിഥികൾ നൃത്തവും സംഗീതവുമായി ആഘോഷങ്ങളിൽ മുഴുകിയിരുന്ന സമയത്താണ് ചാവേർ സ്വയം പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. രക്ഷാപ്രവർത്തകർ എത്തുമ്പോൾ രക്തക്കറകളും കെട്ടിടാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന ഭീകരമായ അവസ്ഥയിലായിരുന്നു പ്രദേശം.
തീവ്രവാദികൾക്കെതിരെ സുരക്ഷാ സേനയ്ക്ക് രഹസ്യവിവരങ്ങൾ നൽകുന്ന സർക്കാർ അനുകൂല സംഘത്തെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് കരുതപ്പെടുന്നു. നൂർ ആലം മെഹ്സൂദിന്റെ വസതിയിൽ ഇത്തരത്തിലുള്ള വിവരങ്ങൾ കൈമാറുന്ന വിരുദ്ധ വിഭാഗം താമസിക്കുന്നുണ്ടായിരുന്നു.
പരിക്കേറ്റ 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്താൻ (TTP) ആണ് ഇതിന് പിന്നിലെന്ന് സുരക്ഷാ സേന സംശയിക്കുന്നു. സംഭവത്തെത്തുടർന്ന് മേഖലയിൽ സുരക്ഷാ സേന പരിശോധന കർശനമാക്കിയിരിക്കുകയാണ്.
What's Your Reaction?

