നേപ്പാളിൽ ജെൻ സീ കലാപം വീണ്ടും: രാഷ്ട്രീയ സംഘർഷം രൂക്ഷമായി, കർഫ്യൂ പ്രഖ്യാപിച്ചു
2026 മാർച്ച് 5-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎൻ-യുഎംഎൽ നേതാക്കൾ ബാര ജില്ല സന്ദർശിക്കാൻ പദ്ധതിയിട്ടതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്
കഠ്മണ്ഡു: രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നേപ്പാളിൽ ജെൻ സീ (Gen Z) കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ബുധനാഴ്ച നേപ്പാളിലെ ബാര ജില്ലയിൽ യുവാക്കളുടെ ഒരു സംഘവും സിപിഎൻ-യുഎംഎൽ (CPN-UML) പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തി.
2026 മാർച്ച് 5-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎൻ-യുഎംഎൽ നേതാക്കൾ ബാര ജില്ല സന്ദർശിക്കാൻ പദ്ധതിയിട്ടതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. പുലർച്ചെ പ്രതിഷേധക്കാരും പോലീസുമായും വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്. ഈ സംഭവങ്ങളിൽ ആറ് പ്രതിഷേധക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
സിമാര വിമാനത്താവളത്തിന് സമീപം സംഘർഷം രൂക്ഷമായതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതേത്തുടർന്ന് വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ജെൻ സീ കലാപത്തിൽ നേപ്പാളിൽ 76 പേരാണ് കൊല്ലപ്പെട്ടത്.
ഈ പ്രതിഷേധങ്ങളെ തുടർന്ന് പ്രധാനമന്ത്രിയും യുഎംഎൽ ചെയർമാനുമായിരുന്ന കെ.പി. ശർമ ഒലി രാജിവെച്ചിരുന്നു. നേപ്പാൾ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയാണ് നിലവിലെ ഇടക്കാല സർക്കാരിനെ നയിക്കുന്നത്. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ് സുശീല കർക്കി.
What's Your Reaction?

