രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കാൻ ചുരയ്ക്ക: ഔഷധഗുണങ്ങൾ ഏറെ
ചുരയ്ക്കയിൽ കാലറി വളരെ കുറവാണ്. എന്നാൽ, നിരവധി അവശ്യ പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു
രക്തസമ്മർദ്ദവും പ്രമേഹവും ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ വരുതിയിൽ നിർത്താൻ ചുരയ്ക്ക സഹായിക്കുമെന്ന് ക്യൂറിയസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനം ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യപരമായ നിരവധി ഗുണങ്ങളാൽ സമ്പന്നമാണ് ഈ പച്ചക്കറി.
ചുരയ്ക്കയിൽ കാലറി വളരെ കുറവാണ്. എന്നാൽ, നിരവധി അവശ്യ പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ സി, കെ, ഇ, ബി എന്നിവയും മറ്റ് പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, അവശ്യ വിറ്റാമിനുകൾ, പൊട്ടാസ്യം എന്നിവയും ചുരയ്ക്കയിലുണ്ട്. നാരുകൾ (ഫാബർ) ധാരാളമായി അടങ്ങിയിരിക്കുന്നു.
ചുരയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കും:
1. ഹൃദയാരോഗ്യവും രക്തസമ്മർദ്ദ നിയന്ത്രണവും
ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിൻ്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്നു.
ഇതിലെ പൊട്ടാസ്യം പോലുള്ള ഘടകങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
ചുരയ്ക്ക ജ്യൂസ് ആയോ അല്ലാതെയോ ഡയറ്റിൽ ചേർക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഉത്തമമാണ്.
2. ദഹനവും ശരീര ശുദ്ധീകരണവും
ദഹനശേഷി: ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കും.
വിഷാംശം നീക്കം ചെയ്യൽ: ചുരയ്ക്ക ഒരു നാച്ചുറൽ ക്ലെൻസർ ആയി പ്രവർത്തിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും മികച്ചതാണ്.
3. ശരീരഭാരം കുറയ്ക്കുന്നതിന്
കുറഞ്ഞ കാലറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ചുരയ്ക്ക ജ്യൂസ് സഹായിക്കും.
4. മറ്റ് ആരോഗ്യ ഗുണങ്ങൾ
ശരീരത്തിലെ ജലാംശം: ചുരയ്ക്കയിലെ ഉയർന്ന ജലാംശം ശരീരത്തിലെ ഈർപ്പം നിലനിർത്താനും ചൂട് കുറയ്ക്കാനും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ചുരയ്ക്കയിൽ അടങ്ങിയ കോളിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ തലച്ചോറിൻ്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചുരയ്ക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിലെ നീർവീക്കം കുറയുകയും ദഹനപ്രശ്‌നങ്ങൾ ലഘൂകരിക്കപ്പെടുകയും ചെയ്യും. ഇത് ശരീരം തണുപ്പിക്കുകയും ഉറക്ക പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുകയും ചെയ്യും.
What's Your Reaction?

