ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പ്രസംഗത്തിന് മറുപടി നൽകി ഇന്ത്യ. ഷെരീഫിന്റെ പരാമർശങ്ങളെ "അസംബന്ധ നാടകങ്ങൾ" എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്.
ഇസ്ലാമാബാദ് തീവ്രവാദത്തെ മഹത്വവത്ക്കരിക്കുകയാണെന്നും വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. ഇന്ത്യൻ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റൽ ഗെഹ്‌ലോട്ടാണ് പാകിസ്ഥാനെതിരെ രംഗത്തെത്തിയത്.
മാത്രമല്ല പാകിസ്ഥാൻ ഉടൻ തന്നെ ഭീകര ക്യാമ്പുകൾ അടച്ചുപൂട്ടി, ഭീകരരെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഇന്ത്യൻ പ്രതിനിധി പെറ്റൽ ഗഹ്ലോട്ട് ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ ‘ദി റെസിസ്റ്റന്റ് ഫ്രണ്ട്’ എന്ന ഭീകര സംഘടനയെ സംരക്ഷിക്കുകയും ഒസാമ ബിൻ ലാദന് അഭയം നൽകുകയും ചെയത കാര്യവും ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി.
വർഷങ്ങളായി ഭീകരവാദത്തെ വളർത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇത്രയും വിചിത്രമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ അത്ഭുതമില്ല. മുതിർന്ന പാക്കിസ്ഥാൻ സൈനികരും സിവിലിയൻ ഉദ്യോഗസ്ഥരും അടക്കം പരസ്യമായി ഭീകരരെ മഹത്വപ്പെടുത്തുകയും ആദരിക്കുകയും ചെയ്യുന്നതിനെ ദൃശ്യങ്ങടക്കം പുറത്തു വന്നിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ നേരിട്ട് അഭ്യർത്ഥിക്കുകയായിരുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയിലെ നിരപരാധികളായ സാധാരണക്കാർക്കെതിരെയുണ്ടായ തീവ്രവാദ ആക്രമണത്തിന് പാകിസ്ഥാനാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.