വി.എസിന് പത്മവിഭൂഷൺ; സ്വാഗതം ചെയ്ത് സി.പി.എം സന്തോഷം പങ്കുവെച്ച് കുടുംബം
കമ്മ്യൂണിസ്റ്റുകാർ ഭരണകൂടം നൽകുന്ന ബഹുമതികൾ സ്വീകരിക്കേണ്ടതില്ലെന്ന പൊതുവായ നിലപാടിൽ നിന്നുള്ള മാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്
വി.എസ്സിന്റെ മകൻ അരുൺകുമാർ പുരസ്കാരലബ്ധിയിൽ വലിയ സന്തോഷം പ്രകടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കൾ പുരസ്കാരങ്ങൾ നിരസിക്കുന്ന പതിവുള്ളതിനാൽ ആദ്യം ചില ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ കുടുംബം എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും പാർട്ടി നിൽക്കുമെന്ന് നേതൃത്വം ഉറപ്പുനൽകി.
കമ്മ്യൂണിസ്റ്റുകാർ ഭരണകൂടം നൽകുന്ന ബഹുമതികൾ സ്വീകരിക്കേണ്ടതില്ലെന്ന പൊതുവായ നിലപാടിൽ നിന്നുള്ള മാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പഴയ നിലപാടുകൾ ആ കാലഘട്ടത്തിലെ തീരുമാനങ്ങളായിരുന്നുവെന്നും വി.എസ്സിന് പുരസ്കാരം ലഭിച്ചതിൽ പാർട്ടിക്കും കുടുംബത്തിനും ഒരുപോലെ സന്തോഷമുണ്ടെന്നും നേതൃത്വം വിശദീകരിച്ചു.
ഇതിനുമുമ്പ് പല പ്രമുഖ സി.പി.എം നേതാക്കളും പത്മ പുരസ്കാരങ്ങൾ വേണ്ടെന്ന് വെച്ചിട്ടുണ്ട്. നരസിംഹറാവു സർക്കാരിന്റെ കാലത്ത് പത്മവിഭൂഷൺ നൽകിയെങ്കിലും ഇ.എം.എസും പാർട്ടിയും അത് നിരസിച്ചു. ജ്യോതി ബസു ഭാരതരത്നത്തിനായി പരിഗണിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല.
ഹർകിഷൻ സിങ് സുർജിത് ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് പത്മവിഭൂഷൺ നിരസിച്ചു. ബുദ്ധദേബ് ഭട്ടാചാര്യ 2022-ൽ പത്മഭൂഷൺ നൽകിയെങ്കിലും സ്വീകരിച്ചില്ല. വി.എസ്സിന് നൽകിയ ഈ അംഗീകാരം അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനത്തിനുള്ള ആദരവായാണ് പാർട്ടി കണക്കാക്കുന്നത്.
What's Your Reaction?

