റിപ്പബ്ലിക് ദിന പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കുഴഞ്ഞുവീണു
ദേശീയ പതാക ഉയർത്തിയ ശേഷം അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതയും തലകറക്കവും അനുഭവപ്പെട്ടത്
കണ്ണൂര്‍: റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസംഗിക്കുന്നതിനിടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കുഴഞ്ഞുവീണു. കണ്ണൂർ പോലീസ് മൈതാനിയിൽ പരേഡിൽ ദേശീയ പതാക ഉയർത്തിയ ശേഷം അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതയും തലകറക്കവും അനുഭവപ്പെട്ടത്.
പ്രസംഗിച്ചുകൊണ്ടിരിക്കെ മന്ത്രി പെട്ടെന്ന് തളരുകയും വീഴാൻ തുടങ്ങുകയുമായിരുന്നു. ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും മറ്റുള്ളവരും ചേർന്ന് അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. അല്പനേരം വിശ്രമിച്ച ശേഷം മന്ത്രി സ്വന്തമായി നടന്നാണ് വാഹനത്തിൽ കയറിയത്. തുടർന്ന് അദ്ദേഹത്തെ മുൻകരുതൽ എന്ന നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തനിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും നേരിയ തലകറക്കം മാത്രമാണ് ഉണ്ടായതെന്നും മന്ത്രി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രായവും കടുത്ത വെയിലും കാരണമുണ്ടായ ക്ഷീണമാകാം ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
What's Your Reaction?