'ദുബായിലെ ചർച്ച മാധ്യമ സൃഷ്ടി, പറയാനുള്ളത് പാർട്ടി നേതൃത്വത്തോട് പറയും'; വാർത്തകൾ തള്ളി ശശി തരൂർ
പാർട്ടി നേതൃത്വത്തോട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും ഇപ്പോൾ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു
ന്യൂഡല്‍ഹി: സി.പി.എമ്മിൽ ചേരുന്നത് സംബന്ധിച്ച് ദുബായിൽ വെച്ച് ചർച്ചകൾ നടന്നുവെന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് ശശി തരൂർ. ദുബായിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നേതൃത്വത്തോട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും ഇപ്പോൾ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുബായിൽ വെച്ച് സി.പി.എം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഇത് മാധ്യമങ്ങൾ ഉണ്ടാക്കിയ ആരോപണം മാത്രമാണ്. കോൺഗ്രസ് പാർലമെന്ററി നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാതിരുന്നത് ക്ഷണിച്ച സമയത്ത് സ്ഥലത്തില്ലാത്തതിനാലാണ്. ഇതുമായി ബന്ധപ്പെട്ട് പറയാനുള്ള കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കും. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസമെന്നും തരൂർ വ്യക്തമാക്കി.
മഹാപഞ്ചായത്തിനിടെ രാഹുൽ ഗാന്ധി തരൂരിന് കൈകൊടുക്കാൻ മടിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ഒരു പ്രവാസി വ്യവസായി ഇടനിലക്കാരനായി നിന്ന് തരൂരിനെ ഇടതുപക്ഷത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം ചർച്ചകളെയെല്ലാം തരൂർ ഇപ്പോൾ തള്ളിക്കളഞ്ഞിരിക്കുകയാണ്.
ഡൽഹിയിൽ തിരിച്ചെത്തിയിട്ടും രാഹുൽ ഗാന്ധിയുമായി നാളെ നടക്കാനിരിക്കുന്ന ചർച്ചയ്ക്ക് തരൂർ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. നേതൃത്വവുമായി അദ്ദേഹം ഉടൻ ചർച്ച നടത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
What's Your Reaction?

