സിനിമാ സമരം പിൻവലിച്ചു; മന്ത്രി സജി ചെറിയാനുമായുള്ള ചർച്ച വിജയം, തിയേറ്ററുകൾ നാളെ തുറക്കും

സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്നും സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി

Jan 20, 2026 - 20:42
Jan 20, 2026 - 20:42
 0
സിനിമാ സമരം പിൻവലിച്ചു; മന്ത്രി സജി ചെറിയാനുമായുള്ള ചർച്ച വിജയം, തിയേറ്ററുകൾ നാളെ തുറക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്ച നടത്താനിരുന്ന സൂചനാ സമരം സിനിമാ സംഘടനകൾ പിൻവലിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ഇതോടെ സിനിമകളുടെ ചിത്രീകരണവും തിയേറ്റർ പ്രദർശനവും തടസമില്ലാതെ തുടരും.

സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്നും സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ജിഎസ്ടിക്ക് പുറമെ ഈടാക്കുന്ന വിനോദ നികുതി പൂർണമായും ഒഴിവാക്കുക, സിനിമ മേഖലയ്ക്ക് പ്രത്യേക വൈദ്യുതി താരിഫ് അനുവദിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ചേംബർ, 'അമ്മ' തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് സമരം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ പത്തുവർഷമായി സർക്കാർ സിനിമ മേഖലയെ അവഗണിക്കുന്നു എന്നതായിരുന്നു സംഘടനകളുടെ പരാതി. മന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും അതുകൊണ്ടാണ് സമരം പിൻവലിക്കുന്നതെന്നും ചർച്ചയ്ക്ക് ശേഷം സംഘടനാ നേതാക്കൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow