മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? ആരോഗ്യകരമായ രീതിയിൽ മുട്ട എങ്ങനെ കഴിക്കാം; അറിയേണ്ട കാര്യങ്ങൾ
മുട്ട പച്ചക്കറികൾക്കൊപ്പം കഴിക്കുന്നത് പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും
ഏറ്റവും കുറഞ്ഞ ചിലവിൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നൽകുന്ന ഭക്ഷണമാണ് മുട്ട. എന്നാൽ കൊളസ്ട്രോൾ പേടിച്ച് പലരും മുട്ടയുടെ മഞ്ഞ ഒഴിവാക്കാറുണ്ട്. മുട്ടയെക്കുറിച്ചുള്ള മിഥ്യാധാരണകളും അതിന്റെ യഥാർത്ഥ ഗുണങ്ങളും പരിശോധിക്കാം.
ഒരു മുട്ടയിൽ ഏകദേശം 207 മില്ലിഗ്രാം ഡയറ്ററി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോളും രക്തത്തിലെ കൊളസ്ട്രോളും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. 2019-ലെ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതിന് വ്യക്തമായ തെളിവുകളില്ല. മുട്ട പച്ചക്കറികൾക്കൊപ്പം കഴിക്കുന്നത് പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും. പുഴുങ്ങിയ മുട്ട മുഴുധാന്യ ബ്രെഡ് അല്ലെങ്കിൽ ബീൻസ് എന്നിവയ്ക്കൊപ്പം കഴിക്കുന്നത് ഉത്തമമാണ്.
ചീര, വെളുത്തുള്ളി, ബെൽപെപ്പർ എന്നിവ ചേർത്ത് ഓംലെറ്റ് തയ്യാറാക്കാം. ഗ്രീക്ക് യോഗർട്ട് ചേർത്ത സാലഡിൽ മുട്ട ചേർക്കുന്നത് നല്ലൊരു ഹെൽത്തി ഓപ്ഷനാണ്. പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ മുട്ട ഉൾപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. ഇത് ശരീരത്തിന് കൊഴുപ്പും പ്രോട്ടീനും മികച്ച രീതിയിൽ ദഹിപ്പിക്കാൻ സഹായിക്കും. രാത്രി വൈകി മുട്ട കഴിക്കുന്നത് അസിഡിറ്റിക്കും വയർ വീർക്കുന്നതിനും കാരണമായേക്കാം.
ദിവസവും മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ:
മുട്ടയിലെ 'കോളിൻ' ഓർമ്മശക്തിക്കും നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തിനും സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ തിമിരം പോലുള്ള രോഗങ്ങളെ തടയുന്നു. ഉയർന്ന പ്രോട്ടീൻ അടങ്ങിയതിനാൽ മുട്ട കഴിച്ചാൽ പെട്ടെന്ന് വിശക്കില്ല. ഇത് അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. വിറ്റാമിൻ എ, ബി 12, സെലിനിയം എന്നിവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
What's Your Reaction?

