പായസ ചെമ്പിൽ വീണ് പൊള്ളലേറ്റു; ചികിത്സയിലായിരുന്നയാൾ മരിച്ചു
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
ചേളാരി (മലപ്പുറം): ബന്ധുവീട്ടിലെ വിവാഹ ആഘോഷങ്ങൾക്കിടെ അബദ്ധത്തിൽ പായസ ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ താഴെ ചേളാരി പത്തൂർ കോളനിയിലെ പത്തൂർ അയ്യപ്പൻ (61) അന്തരിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
പാപ്പനൂർ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിൽ വിവാഹ സൽക്കാരത്തിനായുള്ള പായസം തയ്യാറാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പായസം ഇളക്കിക്കൊണ്ടിരുന്ന അയ്യപ്പൻ അബദ്ധത്തിൽ കാൽ വഴുതി തിളച്ചുകൊണ്ടിരുന്ന പായസ ചെമ്പിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. താഴെചേളാരി വെളിമുക്ക് എ.യു.പി. സ്‌കൂളിലെ ബസ് ഡ്രൈവറായി ദീർഘകാലം ജോലി ചെയ്തിരുന്ന അയ്യപ്പൻ നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. സരസ്വതിയാണ് ഭാര്യ.
What's Your Reaction?

