അബുദാബി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ സഹായത്തോടെയുളള പുതിയ പാര്‍ക്കിംഗ് സംവിധാനവുമായി അബുദബി ഭരണകൂടം. പതിനഞ്ച് ഇടങ്ങളിലാണ് നിലവില്‍ എഐ പാര്‍ക്കിംഗ് ഒരുക്കിയിരിക്കുന്നത്. 'പാർക്കോണിക് - മവാഖിഫ്'എന്ന എഐ പാർക്കിങ് സംവിധാനമാണിത്.
വാഹനങ്ങള്‍ പാര്‍ക്കിങ്ങില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും നമ്പര്‍ ഓട്ടോമാറ്റിക്ക് ആയി രേഖപ്പെടുത്തും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ സ്‌കാന്‍ ചെയ്ത് ഉടമയുടെ സാലിക് അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുന്നതാണ് പുതിയ സംവിധാനം. കൃത്യമായ സമയം കണക്കാക്കി സാലിക്ക് അല്ലെങ്കില്‍ മവാഫിക് ബാലന്‍സില്‍ നിന്ന് പാക്കിങ് ഫീ ഈടാക്കും.
കൂടാതെ യാത്രക്കാർക്ക് തടസങ്ങളില്ലാതെ പാർക്കിങ് ഫീസ് അടയ്ക്കാനും സമയം ലാഭിക്കാനും ഈ സംവിധാനം സഹായിക്കുമെന്നും അധികൃതർ അറിയിച്ചു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഇത്തരം എഐ സേവനങ്ങള്‍ വലിയ പങ്കുവഹിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പേപ്പര്‍ ടിക്കറ്റ് എടുക്കുകയോ നീണ്ട ക്യുവില്‍ നില്‍ക്കുകയാ വേണ്ട എന്നതാണ് പ്രത്യേകത. യാസ് മാള്‍, അല്‍ വഹ്ദ മാള്‍, ദല്‍മ മാള്‍, ഡബ്ല്യുടിസി മാള്‍ തുടങ്ങിയ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളിലും ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍, ഷെയ്ഖ് ഷഖ്ബൗത്ത് മെഡിക്കല്‍ സിറ്റി എന്നിവിടങ്ങളിലും സാദിയാത്ത് ബീച്ച്, റീം പാര്‍ക്ക്, അല്‍ ബതീന്‍ മറീന തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും എഐ പാര്‍ക്കിംഗ് സംവിധാനം ഇപ്പോള്‍ ലഭ്യമാണ്.