ലണ്ടൻ: യൂറോപ്പിലുടനീളം കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ. ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമായേക്കാവുന്ന വിഷവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഡിസംബര്‍ മുതലാണ് തിരിച്ചുവിളിക്കാന്‍ തുടങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രിയ, ഡെന്മാര്‍ക്ക്, ഇറ്റലി, സ്വീഡന്‍ എന്നിവിടങ്ങളിൽ നിന്നാണ് ഉത്പന്നങ്ങൾ പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിക്കുന്ന പ്രോഡക്ടുകളാണ് യൂറോപ്പിലെ മാര്‍ക്കറ്റുകളില്‍ നിന്ന് പിന്‍വലിക്കപ്പെടുന്നത്.കൂടാതെ നെസ്‌ലെ ബേബി ഫോർമുല ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ സൗദി അറേബ്യയുടെ ഭക്ഷ്യ സുരക്ഷാ റെഗുലേറ്റർ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയതായി സൗദി സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ എസ്‌പിഎ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെത്തുടർന്നാണ് നെസ്‌ലെ ഉത്പന്നങ്ങൾ പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്‌ലെ സിഇഒ ഫിലിപ്പ് നവരാറ്റിൽ പറഞ്ഞു. ഈ ഉൽപ്പന്നങ്ങൾക്ക് വിഷവസ്തുവിന്റെ സാന്നിധ്യം മൂലം തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളുമായി ബന്ധമില്ലെന്നും നെസ്‌ലെ അറിയിച്ചു.
കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവയില്‍ ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്യൂലൈഡിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇവയടങ്ങിയവ കഴിച്ചാല്‍ കുട്ടികള്‍ക്ക് ഓക്കാനം, ഛര്‍ദ്ദി എന്നിവയുണ്ടാകാന്‍ കാരണമാകും. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് നോര്‍വേയിലെ ഭക്ഷ്യ സുരക്ഷാ ഏജന്‍സി അറിയിച്ചു.