കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് കോടതി നടപടി.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറിയതില്‍ അടക്കം ഒപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നായിരുന്നു പത്മകുമാറിന്റെ വാദം. എന്നാല്‍ സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിന് കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു. അതുകൊണ്ട് നിലവിൽ ജാമ്യം നൽകിയാൽ കേസിന് തിരിച്ചടിയാകുമെന്ന് അന്വേഷണസംഘത്തിന്റെ അഭിപ്രായം. ഇതും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാൻഡ് വീണ്ടും നീട്ടി. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. രണ്ടു കേസുകളിലും നൽകിയ ജാമ്യാപേക്ഷ 14 ആം തീയതി വിജിലൻസ് കോടതി പരിഗണിക്കും.