കൊച്ചി: ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസിൽ ജനുവരി 21 വരെ രാഹുലിന്‍റെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി. കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ പരാതിക്കാരിയെ കക്ഷി ചേർത്ത് ഹൈക്കോടതി. മറുപടി സത്യവാങ്മൂലം നല്‍കാന്‍ അതിജീവിതയ്ക്ക് കോടതി രണ്ടാഴ്ച സമയം നല്‍കി.
മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷ ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്നും കോടതിയോട് നേരിട്ടായി ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഗർഭഛിദ്രത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം. തിരുവനന്തപുരത്ത് താമസിക്കുന്ന യുവതിയെ ബലാത്സംഗം ചെയതെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമുള്ള കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ എ ഹൈക്കോടതിയെ സമീപിച്ചത്.