തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. ജയസാധ്യതയുള്ള സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാണെങ്കിലും, സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശാന്തികവാടത്തിലെ വൈദ്യുത ശ്‌മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെയും താൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനായിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. എഴുപത് വയസ് കഴിഞ്ഞ നേതാക്കള്‍ മത്സരിക്കരുതെന്നാണ് പണ്ട് മുതല്‍ തനിക്കുള്ള നിലപാട്. പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമ്മശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
നിയമസഭയിലേക്ക് മത്സരിക്കാനില്ല:
ചെറിയാന്‍ ഫിലിപ്പ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ എനിക്ക് ജയസാദ്ധ്യതയുള്ള സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാണെങ്കിലും, സപ്തതി കഴിഞ്ഞതിനാല്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ശാന്തികവാടത്തിലെ വൈദ്യുത ശ്മശാനത്തില്‍ എരിഞ്ഞടങ്ങുന്നതുവരെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓര്‍മ്മശക്തിയിലും യുവത്വം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കും.