തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മരിച്ച വേണുവിന്റെ കുടുംബം. തന്റെ ഭര്‍ത്താവിനെ ആരോഗ്യവകുപ്പ് കൊന്നതാണെന്ന് കൊല്ലം സ്വദേശി വേണുവിന്റെ ഭാര്യ സിന്ധു.
ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും സിന്ധു പറഞ്ഞു. തലവേദനയെന്ന് പറഞ്ഞ് നഴ്‌സുമാരെ സമീപിച്ചാൽപ്പോലും അറിയില്ലെന്നാണ് മറുപടി. അഞ്ചു ദിവസം വേദന സഹിച്ച് ആശുപത്രിയിൽ കിടന്നു. രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചുവെന്നും വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് പലതവണ പറഞ്ഞിട്ടും മരുന്ന് നൽകാൻ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും സിന്ധു ആരോപിച്ചു.
ഓട്ടോഡ്രൈവറായിരുന്നു അദ്ദേഹം. ആ വരുമാനത്തിലായിരുന്നു മുന്നോട്ട് പോയിരുന്നത്. ആരോഗ്യ വകുപ്പിന്റെ അനാസ്ഥ കാരണമാണ് വേണു മരിച്ചതെന്നും സിന്ധു ആരോപിച്ചു. മെഡിക്കൽ കോളജിലേത് ദയനീയമായ അവസ്ഥയാണ്. കാശുള്ളവർ ആരും മെഡിക്കൽ കോളജിലേക്ക് പോകിലല്ലോ. ഞങ്ങളെപ്പോലുള്ള കാശില്ലാത്ത പാവങ്ങൾ അല്ലെ അവിടേക്ക് പോകൂ.
ശ്വാസം മുട്ടൽ ഉണ്ടായപ്പോഴാണ് വേണുവിനെ ഐസിയുവിലേക്ക് മാറ്റിയത്. വേറൊരു ഡോക്ടർ വന്നിട്ടാണ് നെഞ്ചിന് നീർകെട്ടുണ്ടെന്ന് പറഞ്ഞത്. ആരോഗ്യവിവരങ്ങൾ ഒന്നും തന്നെ അറിയിച്ചിരുന്നില്ല. ഐസിയുവിൽ കയറ്റി കുറച്ചു കഴിഞ്ഞപ്പോഴേക്കും നിലഗുരുതരമാണെന്ന് പറയുകയാണ് ഉണ്ടായത്. വെന്‍റിലേറ്ററിലാണെന്നാണ് പറഞ്ഞതിനുശേഷം പിന്നീട് മോര്‍ച്ചറിയിൽ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്.
പെട്ടെന്ന് ആഞ്ജിയോ ഗ്രാം ചെയ്യേണ്ട വ്യക്തിയെയാണ് ചികിത്സ നൽകാതെ കൊന്നത്. ഇത്രയും വലിയ ചതിയാണെന്ന് ആശുപത്രിയിലുള്ളവര്‍ കാണിച്ചതെന്നും സിന്ധു പറഞ്ഞു.