തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് പ്രത്യേക അന്വേഷണ കമ്മീഷന്‍ (എസ്‌ഐടി) കണ്ടെത്തി.
മറ്റു ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പിക്കാതെ സ്വർണ്ണക്കൊള്ളയ്ക്ക് വഴി ഒരുക്കിയെന്നാണ് കണ്ടെത്തൽ. ദ്വാരപാലക പാളികള്‍ കൈമാറുമ്പോള്‍ ബോധപൂര്‍വം മാറിനിന്നതാണോ അത് മാറ്റിനിര്‍ത്തിയതാണോ എന്ന് എസ്‌ഐടി സംശയിക്കുന്നു. ക്രൈംബ്രാഞ്ച് ഓഫീസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിൽ ആണ് ഇക്കാര്യങ്ങൾ തെളിയിക്കുന്ന വിവരം ലഭിച്ചത്.
ഗൂഢാലോചനയും തട്ടിപ്പും ഇയാള്‍ അറിഞ്ഞിരുന്നെന്നും ദേവസ്വം സ്മിത്തിനെ വിവരം അറിയിക്കാത്തത് മനഃപൂര്‍വമാണെന്നുമാണ് എസ്‌ഐടി നിഗമനം. സംഭവത്തിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതിന് ശേഷമായിരിക്കും കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യൽ നടക്കുക. ബൈജുവിനെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യ ശേഷം ആയിരിക്കും ഹാജരാക്കുക. അതേസമയം മുരാരി ബാബു സമർപ്പിച്ച ജാമ്യ അപേക്ഷയിലും റാന്നി മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനം എടുക്കും.