തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസില്‍ എഫ്‌ഐആര്‍ പകര്‍പ്പ് പുറത്ത്. അഞ്ചുപേരുടെ പരാതികളിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ച് പേരും മൂന്നാം കക്ഷികളാണ്. രാഹുലിനെതിരെ ബി.എന്‍.എസ് 78(2), 351 പോലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചെന്നും ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
സംഭവത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന് കരുതപ്പെടുന്ന ബെംഗളൂരുവിലെ ആശുപത്രിയില്‍ നിന്നടക്കം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടികളില്‍ ഒരാള്‍ ഗര്‍ഭഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ഇരകള്‍ 18നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. എഫ്.ഐ.ആർ കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.