തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. മുന്നണി മാറ്റമില്ലെന്നും ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി തന്നെ തുടരുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങളില്ലെന്നും ചര്‍ച്ചകള്‍ നടന്നോ എന്ന് തനിക്കറിഞ്ഞൂടായെന്നും റോഷി അഗസ്റ്റിന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. പാര്‍ട്ടി ചെയര്‍മാനാണ് വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിൽ രോഷാകുലനായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
രണ്ടാഴ്ച മുമ്പ് പാര്‍ട്ടിനയം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ക്രെഡിബിലിറ്റിയും ധാര്‍മികതയും കേരളാ കോണ്‍ഗ്രസ് എം പണയം വച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. സഭയും മേലധ്യക്ഷന്മാരും ഇത്തരം കാര്യങ്ങളില്‍ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്‍റെ സാഹചര്യം ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.