ദീപക്കിന്‍റെ മരണം; ഷിംജിതക്ക് ജാമ്യമില്ല, റിമാന്‍ഡിൽ തുടരും

പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു

Jan 27, 2026 - 12:36
Jan 27, 2026 - 12:36
 0
ദീപക്കിന്‍റെ മരണം; ഷിംജിതക്ക് ജാമ്യമില്ല, റിമാന്‍ഡിൽ തുടരും
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതില്‍  റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി കോടതി. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയുടെ ജാമ്യഹർജി തള്ളിയത്.ഷിംജിത നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. 
 
ഷിംജിത ജയിലില്‍ തുടരും. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതി സാമ്പത്തികലാഭത്തിനും പ്രശസ്തിക്കും വേണ്ടിയാണ് വിഡിയോ എടുത്തതെന്നും അതാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 
 
അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ബസിൽ അസ്വാഭാവികമായ യാതൊരു സംഭവങ്ങളും നടന്നിട്ടില്ലെന്നും ഇരുവരും സാധാരണ നിലയിൽ ബസിൽ നിന്നും ഇറങ്ങിപ്പോയതായും റിമാൻ്റ് റിപ്പോർട്ടില്‍ പറയുന്നത്.  ദീപക്കിനെ ഷിംജിതക്ക് മുന്‍പരിചയമില്ലെന്നും  ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നുമുള്ള വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. 
 
അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. ഈ മാസം 16 നായിരുന്നു  സ്വകാര്യബസില്‍ കേസിനാസ്പദമായ വീഡിയോ ചിത്രീകരിച്ചശേഷം ഷിംജിത അത് ഇന്‍സ്റ്റഗ്രാമില്‍പോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ദീപക് ജീവനൊടുക്കുകയായിരുന്നു.ദീപക്കിന്‍റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത‍്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഷിംജിതയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow